Tuesday, December 17, 2013

നെയ്തല്‍

വിദൂര ദേശത്ത് അറിവെന്ന ധനം സമ്പാദിക്കാനായി പോയ നായകനെയോര്‍ത്ത് ഇരുട്ടെന്ന സഖിയോട് പരാതി പറയുന്ന നായിക -

വരകളും കുറികളും തിരിച്ചറിയാനാവാത്ത വിധം നിറഞ്ഞു പോയ ഭൂപടത്തിലെ നിറഞ്ഞുകവിഞ്ഞ ഒരു നഗരത്തില്‍ അല്‍ഭുതമെന്ന പോലെ ആളൊഴിഞ്ഞു കഥ കഴിഞ്ഞു പോയ അതിന്റെ ഹൃദയഭാഗത്ത് തുരുതുരാ സംസാരിച്ച് പ്രിയപ്പെട്ട അയല്‍ക്കാരെ ഓര്‍മ്മിപ്പിക്കുന്ന പഞ്ചാബികളുടെ ഇടുങ്ങിയ നിരത്തില്‍ ഒരു രണ്ടാമത്തെ നിലയില്‍ മഞ്ഞുകാലം വന്നു പുക പോലെ നിറഞ്ഞ ആ മുറിയില്‍ ഈ രാത്രിയില്‍ പുസ്തകങ്ങള്‍ മടക്കിവച്ച് ഒറ്റയ്ക്കുറഞ്ഞ് ഉറങ്ങാന്‍ തുടങ്ങുകയാവും

- ഇളം ചൂടുള്ള കായല്‍ കാറ്റിന്റെ ഇക്കരെ ഈ കുളിമുറിയില്‍ വിയര്‍ത്ത് മുഷിഞ്ഞ് ആദ്യത്തെ കോപ്പ വെള്ളത്തില്‍  ‘തണുപ്പുള്ള ഈ രാത്രി!’ എന്നു വിളിച്ചു പോയപ്പോള്‍ നായിക -

തണുപ്പുമാറ്റുന്ന പുതപ്പുകള്‍ തണുപ്പുകള്‍ തന്നെ തീര്‍ക്കുമാ‍യിരിക്കും, കഥകള്‍ ചാരനിറത്തില്‍ ചിലന്തിവലകളില്‍ ചത്ത പാമ്പുകളുടെ ചെതുമ്പലുകള്‍ പോലെ പറ്റിപ്പിടിച്ചിരിക്കുന്ന പുക ഭിത്തികള്‍ നിറഞ്ഞ ആ നഗരത്തില്‍ എന്റെ നായകന് എന്തു കിട്ടിയാലും വിരസത മാത്രം വിട്ടുനില്‍ക്കുമായിരിക്കും

No comments: