Friday, December 27, 2013

ഇരുട്ടത്ത് ഇരട്ടപ്പാളങ്ങളിലിഴയും തീവണ്ടികൾ



നിറയെ മിന്നാമിന്നികൾ മിന്നി,യലസമായ് മയക്കത്തിൽ ചിതറിക്കിടക്കും പുൽപാടങ്ങളെ
അലറിവിളിച്ച് നടുവിൽമുറിച്ച് വെളിച്ചത്തിന്റെ വെള്ളിനൂൽപ്പാഞ്ഞത് 

നൂറുകണക്കിനാരുടെയൊക്കെയോ എവിടെയൊക്കെയോ എത്തിച്ചേരാനുള്ള വ്യഗ്രത, വേഗത -

അടച്ചിട്ട ജന്നലുകളിൽ ഒളിഞ്ഞ വിടവുകളിലൂടിറങ്ങി വരും തണുപ്പ്
പുതച്ചിട്ടും ചൂട് കിട്ടാതെ പോകും കുഞ്ഞുങ്ങളുടെ നിർത്താക്കരച്ചിൽ
തോളിലെടുത്തലയുമമ്മമാർ, തീരാത്ത കാൽപെരുമാറ്റങ്ങൾ
നന്നായടയാത്ത മൂത്രപ്പുരവാതിലുകൾക്കപ്പുറം പുകവിടും അമ്മാവന്മാർ
ഇടയ്ക്കും തലയ്ക്കും വന്നുപോകും പോലീസുകാർ
കുത്തുന്നതിവെളിച്ചം കത്തിനിൽക്കും സ്റ്റേഷനുകൾ

ഉറക്കപ്പാവ ഇറുക്കിപ്പിടിച്ച് 'കിട്ടാതെ പോകരുതേ പോകരുതേ' എന്ന് രാത്രിയോട് പാടും എന്റെ പാതിയടഞ്ഞ കൺചുമരുകൾക്കൊരുപുറം

നിന്നിൽനിന്നും പുറപ്പെട്ട വഴി നിന്നുപോകും കായൽക്കര;
നിന്നിലേക്കുള്ള വഴി നീളെ പൂക്കൾ, വണ്ടുകൾ - കലാപങ്ങൾ
ഞാനും നീയുമെന്ന് അർദ്ധരാത്രിയിൽ നിറയുമനേകം കണ്ണുകൾക്ക്
പരുത്തൊരു താരാട്ട് ഹൃദയമിടിപ്പിന്റെ താളത്തിൽക്കേൾപ്പിക്കും
കാറ്റിലാടാത്ത തൊട്ടിലുകൾ തീവണ്ടികൾ
തിരക്കിൽ തിരിച്ചറിയാൻപറ്റാത്ത ഒന്നായിഴചേർന്നുപോകും
നീണ്ട നിസ്സഹായതകൾ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കടത്തും ദ്വീപുകൾ
തീവണ്ടികൾ

No comments: