Wednesday, June 10, 2015

ലിംഗധാരികൾ - 2പുതിയതും പഴയതുമായ ഭക്ഷണാവശിഷ്ടങ്ങൾ
അളിഞ്ഞും പുളിച്ചും ഒട്ടിപ്പിടിച്ചും
അവിടെയുമിവിടെയും കിടക്കും
അരണ്ട ബാറിന്റെ ഇരുണ്ട മൂലയിൽ
നിശബ്ദമായടക്കിപ്പിടിച്ച പകൽ
ഞൊണ്ടിക്കടക്കും ആ വൈകുന്നേരം
ശരീരത്തിലാരും കാണാതെ
ഭീകരമായ് വളർന്ന
ലിംഗം
അതിന്റെ അനാവശ്യ ഭാരങ്ങൾ
താങ്ങി തളർന്നിരിക്കുന്നൊരാൾ

മൂക്ക് മുറുക്കി പൊത്തി
പുക ആഞ്ഞു വലിച്ച്
വലിച്ചു കുടിക്കും
കയ്പ്പും ചവർപ്പും നിറഞ്ഞ
ദുർഗന്ധം വമിക്കും
ചെമപ്പ് വെള്ളം
അത് വളർത്തും
ലിംഗം പിന്നെയും
അയാളേക്കാൾ വലുതാകും  
പടർന്നു പന്തലിക്കും
പലതും പലതവണ
പിറുപിറുക്കും
'അഹങ്കാരിയായ ആ പെണ്ണ്
ഇന്നലെയവൾ വഴിയേ പോയയാളെ
ആഗ്രഹത്തോടെ നോക്കിയത് നീ
കണ്ടില്ലെന്നു നടിച്ചെങ്കിലും'
'ഈ കൂട്ടുകാരനും
നിന്നെ ചതിക്കും'

തുടങ്ങിത്തീരാത്ത അശരീരികൾ
രോമത്തിലരിക്കും
ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന
കൈപ്പ് തീർക്കാൻ വീണ്ടുമയാൾ
ഒരു പെഗ്ഗ് കൂടി, ഒരു ഗ്ലാസ് കൂടി

നേരം നിൽക്കാതെ ചോർന്നുപോകും
കൂടെ കുടിക്കാൻ കൂട്ടിയ കൂട്ടുകാരനോടു
ചെറുതായ് പിണങ്ങും
തമാശയ്ക്ക് തെറി പറയും
വെറുതെ തന്തയെ പറയും
വാക്കുകളുടെ വെള്ളച്ചാട്ടത്തിൽ
തമാശ ഒഴുകിപ്പോകും
തന്തയെ പറയും തല്ലും
ബാറിലെ മേശയും കസേരയു
മുടച്ചു  പറിച്ചു തകർക്കും
ബോധം കെട്ടുകിടക്കും
ഉണർന്ന് ഇറങ്ങി നടക്കുമ്പോൾ
പുരാതന നഗരത്തിലെ
ശിവലിംഗങ്ങളെപ്പോലെ
അവിടെയുമിവിടെയും
ചിതറിക്കിടക്കും
അളിഞ്ഞും പുളിച്ചും
ലിംഗാവശിഷ്ടങ്ങൾ
അതിന്റെ ഭേദ്യങ്ങൾ

ഇടയിൽ ചുരുങ്ങിപ്പോയ തന്റെ
ഹൃദയത്തെയും തലച്ചോറിനെയും
വയ്ക്കാനിടമില്ലാതെ
കളയും വഴിയിലെ
ചവറുകൂനയിൽ
തെരുവുനായ്ക്കൾക്കായ്

ഒരു കാളയായ് ലിംഗം അയാളുടെ വണ്ടി
ഒരിക്കലുമൊറ്റയ്ക്ക് പോകാൻ തുടങ്ങാത്ത
കള്ളിമുൾക്കാടുകളിലേക്ക് വേഗത്തിൽ
വലിക്കും, തടഞ്ഞും തുളച്ചും
കൊണ്ടുപോകും
മുറിഞ്ഞും വ്രണമൊലിച്ചും രാത്രി
തീർക്കാൻ കഴിയാത്ത ദാഹം
ഉറക്കമിടയ്ക്കിടയ്ക്കുണർത്തും

മറ്റൊരു നിശബ്ദമാം പകൽ
ഞൊണ്ടിയും താണ്ടിയും
നേരമിരിട്ടുമ്പോൾ
ശരീരത്തിൽ ആരും കാണാതെ വളർന്ന
അനാവശ്യ ഭാരം താങ്ങി തളർന്നയാൾ
അടുത്ത ബാറിലെ ഇരുണ്ട കോണിലേക്ക്
പതുക്കെ നടക്കും.

Thursday, May 14, 2015

അമ്മത്തരംഅമ്മിഞ്ഞമ്മമാര്‍ക്ക് അമ്മത്തരം ത്തിരി കൂടുതലാണല്ലേലും,

ഒരു കുഞ്ഞിതിലേ വരുന്നൂന്ന്‍ കേട്ടനേരം
പട്ടാളത്തില്‍ ചേര്‍ന്ന പത്താംക്ലാസ്സ് കഴിഞ്ഞോനെപ്പോലെ
ആവശ്യത്തിനുമനാവശ്യത്തിനും നിവര്‍ന്നു നിന്ന്‍
നിറഞ്ഞു കവിഞ്ഞ് വലുതായിവന്ന്
നാട്ടിലും പോക്കിലും നാണക്കേടുണ്ടാക്കി
എപ്പോളാ എന്നാ ന്നൊക്കെ പിന്നേം പിന്നേം ചോദിച്ച്
'ഇതാണ് പ്പോ ത്ര വല്യ കാര്യം?' ന്ന്‍ കളിയാക്കുമ്പൊ
'അനക്കറീല്ലേല്‍ മിണ്ടാണ്ടന്നോ' എന്നു ചൂടായി

കുഞ്ഞുവന്നയന്നുമുതല്‍ രണ്ടു പുഴകളായൊഴുകി
എല്ലാ കുട്ടൂസന്‍മാരും ഞങ്ങളതും കൂടിയെന്ന്
ഓരോരുത്തര്‍ക്കും വേണ്ടി ഒഴുകി
രാത്രീം പകലുമില്ലാതെ ഒഴുകി
ചിരിപ്പിക്കാനും കരച്ചില്‍ മാറ്റാനും
മുറിവുണങ്ങാനും ചോരനിറയാനും
പിന്നേം അറിയാത്ത പലേതിനും
ആരോടും ചോദിക്കാതേം പറയാതേം
'ചോദിച്ചാന്താ പറഞ്ഞോട്ടെ'ന്നും ഒഴുകി

കണ്ട വഴിപോക്കര്‍ കണ്ണ് വച്ച കുടങ്ങള്‍
കാമത്തിനും പ്രേമത്തിനും വേണ്ടി ഞാന്‍
കരുതിവച്ച മാര്‍ദ്ദവം
ഞങ്ങളാര്‍ക്കും വേണ്ടിയല്ലാതൊരു
കൊച്ചു പൂക്കുഞ്ഞിനായ്
മൃദുവായ് സുഗന്ധമായ്‌
നിറഞ്ഞു നിറഞ്ഞൊഴുകി.

അമ്മയെന്നും കുഞ്ഞെന്നും ഞാന്‍ മറന്നന്നേരം
ഞാന്‍ മടിച്ചന്നേരം
അമ്മിഞ്ഞമ്മമാര്‍ക്ക് അമ്മത്തരം ത്തിരി
കൂടുതലാണന്നേരം.