അമ്മിഞ്ഞമ്മമാര്‍ക്ക് അമ്മത്തരം ത്തിരി കൂടുതലാണല്ലേലും,
ഒരു കുഞ്ഞിതിലേ വരുന്നൂന്ന്‍ കേട്ടനേരം
പട്ടാളത്തില്‍ ചേര്‍ന്ന പത്താംക്ലാസ്സ് കഴിഞ്ഞോനെപ്പോലെ
ആവശ്യത്തിനുമനാവശ്യത്തിനും നിവര്‍ന്നു നിന്ന്‍
നിറഞ്ഞു കവിഞ്ഞ് വലുതായിവന്ന്
നാട്ടിലും പോക്കിലും നാണക്കേടുണ്ടാക്കി
എപ്പോളാ എന്നാ ന്നൊക്കെ പിന്നേം പിന്നേം ചോദിച്ച്
'ഇതാണ് പ്പോ ത്ര വല്യ കാര്യം?' ന്ന്‍ കളിയാക്കുമ്പൊ
'അനക്കറീല്ലേല്‍ മിണ്ടാണ്ടന്നോ' എന്നു ചൂടായി
കുഞ്ഞുവന്നയന്നുമുതല്‍ രണ്ടു പുഴകളായൊഴുകി
എല്ലാ കുട്ടൂസന്‍മാരും ഞങ്ങളതും കൂടിയെന്ന്
ഓരോരുത്തര്‍ക്കും വേണ്ടി ഒഴുകി
രാത്രീം പകലുമില്ലാതെ ഒഴുകി
ചിരിപ്പിക്കാനും കരച്ചില്‍ മാറ്റാനും
മുറിവുണങ്ങാനും ചോരനിറയാനും
പിന്നേം അറിയാത്ത പലേതിനും
ആരോടും ചോദിക്കാതേം പറയാതേം
'ചോദിച്ചാന്താ പറഞ്ഞോട്ടെ'ന്നും ഒഴുകി
കണ്ട വഴിപോക്കര്‍ കണ്ണ് വച്ച കുടങ്ങള്‍
കാമത്തിനും പ്രേമത്തിനും വേണ്ടി ഞാന്‍
കരുതിവച്ച മാര്‍ദ്ദവം
ഞങ്ങളാര്‍ക്കും വേണ്ടിയല്ലാതൊരു
കൊച്ചു പൂക്കുഞ്ഞിനായ്
മൃദുവായ് സുഗന്ധമായ്
നിറഞ്ഞു നിറഞ്ഞൊഴുകി.
അമ്മയെന്നും കുഞ്ഞെന്നും ഞാന്‍ മറന്നന്നേരം
ഞാന്‍ മടിച്ചന്നേരം
അമ്മിഞ്ഞമ്മമാര്‍ക്ക് അമ്മത്തരം ത്തിരി
കൂടുതലാണന്നേരം.
No comments:
Post a Comment