Wednesday, June 10, 2015

ലിംഗധാരികൾ - 2



പുതിയതും പഴയതുമായ ഭക്ഷണാവശിഷ്ടങ്ങൾ
അളിഞ്ഞും പുളിച്ചും ഒട്ടിപ്പിടിച്ചും
അവിടെയുമിവിടെയും കിടക്കും
അരണ്ട ബാറിന്റെ ഇരുണ്ട മൂലയിൽ
നിശബ്ദമായടക്കിപ്പിടിച്ച പകൽ
ഞൊണ്ടിക്കടക്കും ആ വൈകുന്നേരം
ശരീരത്തിലാരും കാണാതെ
ഭീകരമായ് വളർന്ന
ലിംഗം
അതിന്റെ അനാവശ്യ ഭാരങ്ങൾ
താങ്ങി തളർന്നിരിക്കുന്നൊരാൾ

മൂക്ക് മുറുക്കി പൊത്തി
പുക ആഞ്ഞു വലിച്ച്
വലിച്ചു കുടിക്കും
കയ്പ്പും ചവർപ്പും നിറഞ്ഞ
ദുർഗന്ധം വമിക്കും
ചെമപ്പ് വെള്ളം
അത് വളർത്തും
ലിംഗം പിന്നെയും
അയാളേക്കാൾ വലുതാകും  
പടർന്നു പന്തലിക്കും
പലതും പലതവണ
പിറുപിറുക്കും
'അഹങ്കാരിയായ ആ പെണ്ണ്
ഇന്നലെയവൾ വഴിയേ പോയയാളെ
ആഗ്രഹത്തോടെ നോക്കിയത് നീ
കണ്ടില്ലെന്നു നടിച്ചെങ്കിലും'
'ഈ കൂട്ടുകാരനും
നിന്നെ ചതിക്കും'

തുടങ്ങിത്തീരാത്ത അശരീരികൾ
രോമത്തിലരിക്കും
ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന
കൈപ്പ് തീർക്കാൻ വീണ്ടുമയാൾ
ഒരു പെഗ്ഗ് കൂടി, ഒരു ഗ്ലാസ് കൂടി

നേരം നിൽക്കാതെ ചോർന്നുപോകും
കൂടെ കുടിക്കാൻ കൂട്ടിയ കൂട്ടുകാരനോടു
ചെറുതായ് പിണങ്ങും
തമാശയ്ക്ക് തെറി പറയും
വെറുതെ തന്തയെ പറയും
വാക്കുകളുടെ വെള്ളച്ചാട്ടത്തിൽ
തമാശ ഒഴുകിപ്പോകും
തന്തയെ പറയും തല്ലും
ബാറിലെ മേശയും കസേരയു
മുടച്ചു  പറിച്ചു തകർക്കും
ബോധം കെട്ടുകിടക്കും
ഉണർന്ന് ഇറങ്ങി നടക്കുമ്പോൾ
പുരാതന നഗരത്തിലെ
ശിവലിംഗങ്ങളെപ്പോലെ
അവിടെയുമിവിടെയും
ചിതറിക്കിടക്കും
അളിഞ്ഞും പുളിച്ചും
ലിംഗാവശിഷ്ടങ്ങൾ
അതിന്റെ ഭേദ്യങ്ങൾ

ഇടയിൽ ചുരുങ്ങിപ്പോയ തന്റെ
ഹൃദയത്തെയും തലച്ചോറിനെയും
വയ്ക്കാനിടമില്ലാതെ
കളയും വഴിയിലെ
ചവറുകൂനയിൽ
തെരുവുനായ്ക്കൾക്കായ്

ഒരു കാളയായ് ലിംഗം അയാളുടെ വണ്ടി
ഒരിക്കലുമൊറ്റയ്ക്ക് പോകാൻ തുടങ്ങാത്ത
കള്ളിമുൾക്കാടുകളിലേക്ക് വേഗത്തിൽ
വലിക്കും, തടഞ്ഞും തുളച്ചും
കൊണ്ടുപോകും
മുറിഞ്ഞും വ്രണമൊലിച്ചും രാത്രി
തീർക്കാൻ കഴിയാത്ത ദാഹം
ഉറക്കമിടയ്ക്കിടയ്ക്കുണർത്തും

മറ്റൊരു നിശബ്ദമാം പകൽ
ഞൊണ്ടിയും താണ്ടിയും
നേരമിരിട്ടുമ്പോൾ
ശരീരത്തിൽ ആരും കാണാതെ വളർന്ന
അനാവശ്യ ഭാരം താങ്ങി തളർന്നയാൾ
അടുത്ത ബാറിലെ ഇരുണ്ട കോണിലേക്ക്
പതുക്കെ നടക്കും.