ഇനി എത്രകാലം?
പൂര്‍ണ്ണചന്ദ്രനോടു ചോദിക്കൂ -
ഇവിടമാകമാനം പറന്നു നിറഞ്ഞ മഞ്ഞ്
ഉരുകിയ മാസം മുതല്‍
ഈ തിരയടിക്കല്‍
കൊറ്റികളെ കയറ്റിപ്പോകുന്ന
ഒഴിഞ്ഞ തോണികള്‍
നീര്‍ത്തി വിരിച്ച വലകള്‍ക്കുള്ളില്‍ എന്റെ മീന്‍ കുട്ടികള്‍;
കടലിനോടു കഥ പറഞ്ഞ്
അതും പെട്ടന്നു മടുത്ത ആള്‍
ഒരുപാടുള്ളിലേക്ക് അകലങ്ങളിലേക്കെത്തിയാല്‍
അലകള്‍ക്കുയരം കുറയുമെന്നു പറഞ്ഞുകേട്ട്
ആദ്യമായൊറ്റയ്ക്ക് തോണിയെടുത്തുവന്ന്
നടുക്കടലില്‍ ഒറ്റയ്ക്കു പിടിക്കാവുന്ന മീനുകളെക്കുറിച്ച്
ഭാര്യയ്ക്ക് കത്തെഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില്‍
ഭയന്നുപോകുമാറ് വെട്ടിയ ഒരിടിയില്‍
അടിയിലേക്കു തെറിച്ചുപോയ ഒരു തുള്ളി മഷിയുടെ
പരപ്പിന്റെ അറ്റത്തുനിന്ന് എന്തു പറ്റിയെന്നു നോക്കാന്‍ വന്ന
ഒരു കുഞ്ഞു മീന്‍ കൂട്ടം
ഇരുട്ടിയ കണ്ണുകള്‍ കണ്ട്
കൂടെ വരട്ടേ എന്ന്
തോണിയുടെ അടിഭാഗത്ത് തുടര്‍ച്ചയായി മൂക്കുകളുരച്ച് ചോദിക്കുന്നത്
അപമാനമായി എന്നു തോന്നി
ഇത്തിരി നേരം കഴിഞ്ഞാല്‍
പൂര്‍ണ്ണചന്ദ്രനോടുതന്നെയാവണം
ഇവരും എന്നു സമാധാനിക്കും.
No comments:
Post a Comment