Saturday, January 10, 2009

കുട്ടിക്കളി

എന്തുമാത്രം കളികളാണീ കുട്ടികൾക്ക്?

മുറിയുടെ അകത്താണെങ്കിൽ
പാമ്പും കോണിയും
പരിചിതമല്ലാത്ത മൃഗങ്ങൾ
പുതിയതരം തോക്കുകൾ
നിറഞ്ഞ
വീഡിയോ ഗേമുകൾ
പുറത്ത്
ഒളിച്ചുകളി
ഓടിത്തൊട്ടുകളി
ക്രിക്കെറ്റ്.

ജനിക്കുന്നതിനും മുന്നേ
അവൾക്ക് ഒരുപാട് കളികളറിയാം.

ഉപ്പുരസം കലർന്ന എന്റെ കടൽ വെള്ളത്തിലേക്ക്
അൽഭുതങ്ങളന്വേഷിച്ച്
അവളുടെ മുങ്ങാങ്കുഴി.
ഗർഭ ഭിത്തിയിലെ ചവിട്ടുതാളങ്ങൾ;
അവൾ ഒരു റോക്ക്സ്റ്റാർ.

അബോർഷനു തൊട്ടുമുൻപ്
പെത്തഡിൻ ബോധത്തിൻ
ഉച്ചസ്ഥായിയിൽ
ഒരു കാൽ‌പ്പെരുമാറ്റം,
അവൾ
ഒരു ബൈക്ക് റേസർ.

7 comments:

അരങ്ങ്‌ said...

അബോർഷനു തൊട്ടുമുൻപ്
പെത്തഡിൻ ബോധത്തിൽ
ഉച്ചസ്ഥായിയിൽ
ഒരു കാൽ‌പ്പെരുമാറ്റം,
അവൾ
ഒരു ബൈക്ക് റേസർ

കൊള്ളാം ആഴമുള്ള വരികള്‍ . ഗര്‍ഭപാത്രമെന്ന മഹാസുരക്ഷയുടെ പത്മവ്യൂഹത്തില്‍ പാഞ്ഞടുക്കുന്ന തേരുകള്‍ ആരുടേതാണ്‌. അതിനുള്ളില്‍ പാമ്പും ഏണിയും കളിച്ചു തോറ്റുപോയ ഒരു കുഞ്ഞിന്റെ നേര്‍ത്ത വിലാപം ആരും കേള്‍ക്കുന്നില്ലേ? കവിത സുന്ദരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍....

നരിക്കുന്നൻ said...

അബോർഷനു തൊട്ടുമുൻപ്
പെത്തഡിൻ ബോധത്തിൽ
ഉച്ചസ്ഥായിയിൽ
ഒരു കാൽ‌പ്പെരുമാറ്റം,
അവൾ
ഒരു ബൈക്ക് റേസർ.

Devadas V.M. said...

എന്നിട്ട് അവൾ
നിന്റെ റോക്സ്റ്റാർ,.. ബൈക്ക് റേസർ..?
അവൾ തിരികെ ഒരു “റിവേഴ്സ് സ്വിമ്മിംഗ്” നടത്തുന്ന സ്വിമ്മർ ആയി സ്വയം മറഞ്ഞോ?

Latheesh Mohan said...

ഇതാണ് ഞാന്‍ പറഞ്ഞത്..പെണ്‍കുട്ടികളുടെ കവിത വരാനിരിക്കുന്നതേ ഉള്ളൂ എന്ന്,
പെത്തഡിന്‍ പൂര്‍ണമായി ഒരു പെണ്ണനുഭവമല്ല എങ്കിലും.

കുട്ടികളുടെ കളികള്‍ കൊള്ളാം (പ്രാസം, പ്രസവം)

ഗി said...

:)
അരങ്ങ്, ഈ തേരുകളെക്കുറിച്ചൊന്നും നമ്മള്‍ക്കത്ര വിവരം പോരാ.
അരങ്ങ്, നരിക്കുന്നന്‍,കമന്റിന് നന്ദി.
ദേവാ, അവള്‍ പോയതല്ല, പറഞ്ഞുവിട്ടതാണ്.
ലതീഷ്, നന്ദി.

prathap joseph said...

കുട്ടികള്‍ ജനിക്കുന്നതുതന്നെ ഒരു കളിയിലൂടെയാണല്ലോ? അതിനു മുമ്പെത്ര കളികള്‍ ...ജനിക്കാനെന്തൊക്കെ, ജനിക്കാതിരിക്കാനെന്തൊക്കെ...

Anonymous said...

എന്നാലും ഇതൊഴിവാക്കാമായിരുന്നു. പില്സ്, കോണ്ടം, ഐ-പില്‍ എന്നിങ്ങിനെ ധാരാളം വഴികള്‍ ഉള്ള സ്ഥിതിക്ക്