Thursday, May 7, 2015

ഇതേ രാത്രിയില്‍



വലിയ ആരവങ്ങളോടെ, കൈയ്യടികളോടെ
ഒരുകൂട്ടം കുട്ടികള്‍
മഴ എപ്പോള്‍വേണമെങ്കിലും പെയ്തെക്കാമെന്ന
വെയിലിടവേളയില്‍
മുറ്റത്തെ ചളിവെള്ളത്തിലലയാന്‍ വിട്ട ഒരു കൊച്ചു
കടലാസുതോണി
പെട്ടന്നെവിടെനിന്നോ വന്ന പ്രവാഹത്തില്‍പ്പെട്ട്
ഇടവഴികള്‍ കടന്ന്‍ വേഗത്തിലൊഴുകി
തോട്ടിലേക്കെടുത്തുചാടി
പായലുകളോടും പരല്‍മീനുകളോടും പറഞ്ഞ്
വയലില്‍ വിരിച്ച കതിരുകളെ കണ്ട്
ഇലക്കൂട്ടത്തിലിത്തിരി തങ്ങി
ഉലഞ്ഞാടി പുഴയിലൊഴുകിച്ചേര്‍ന്ന്‍
പാത്രങ്ങള്‍ കഴുകുന്ന അമ്മച്ചിമാരെയും
തോണികള്‍ തുഴയുന്ന സുന്ദരിമാരെയും കണ്ട്
ചാറല്‍മഴയില്‍ നനഞ്ഞ് പതിഞ്ഞ്
പരന്നൊഴുകി
അസ്തമനം കാണാനെന്ന വണ്ണം കടലോരത്തെത്തി
വേണ്ട, ഇനിയെന്ന മട്ടില്‍ ഓളങ്ങളില്‍ ചാഞ്ചാടി
കര കാണാന്‍പോലുമില്ലാത്ത എവിടെയോ
എങ്ങോട്ടും ഒഴുകാനില്ലെന്നോര്‍ത്ത്
പതുക്കെ ഉപ്പുവെള്ളത്തിലലിയുന്ന കടലാസിനെയും
കൊത്തിത്തിന്നേക്കാവുന്ന മീനുകളെയും കാത്ത്
ഓളമിടുന്ന രാത്രിയില്‍.   

No comments: