ഇനി നീ വന്നാൽ ഞാൻ പിണങ്ങും, ഉറപ്പ്.
ഇനിയും നീ വന്നില്ലെങ്കിലും.
കുറേ നാളായി മഞ്ഞു മാത്രം പെയ്തുകൊണ്ടിരുന്ന ഒരു രാജ്യത്ത്
ഇരുണ്ട പകലുകളിലൂടെ ഉറഞ്ഞ രാത്രികളിലേക്ക് ഉരുണ്ടു കൊണ്ടിരുന്ന ഒരു തീവണ്ടി;
ചാര നിറമുള്ള ജന്നലിലൂടെ പുറത്തേക്ക് നോക്കുന്ന, പിറുപിറുക്കുന്ന ഒരുത്തി.
ആരുടെയും സന്ധ്യാചിത്രങ്ങളിൽ പതിയാതെ
തിരികേ പോകുന്ന കിളികൾക്ക്
അവിടം വരെ പറന്നു തീർക്കാൻ എത്രമാത്രം ദൂരെയാവും എന്ന്
എണ്ണിത്തുടങ്ങുന്നതിനു മുൻപ്,
ചുമരിൽ നിന്നെപ്പോലെതന്നെയെന്ന് ഒട്ടിച്ചുവച്ച
നീലിച്ച ഓന്തിനോടു പരിതപിക്കുന്ന ഒരുത്തി.
നീ വരുമ്പോൾ കൊണ്ടുവരാൻ മറക്കരുത്
നമ്മളുടെ വെളിച്ചം നിറഞ്ഞ പച്ചക്കൂടാരം
പുറത്ത് വിരിക്കാൻ മഞ്ഞപൂക്കളുള്ള വിരി
ഒരു തെളിഞ്ഞ രാത്രിയാകാശം
പിന്നെ ഉമ്മകൾ, നിറയെ ഉമ്മകൾ
മാസങ്ങളോളം നീണ്ട തീവണ്ടി മുറിയുടെ
ചുറ്റിലും പുകയുന്ന യന്ത്ര നഗരത്തിൽ
ചാര നിറമുള്ള ജന്നലിന്നപ്പുറം
വസന്തത്തിന്റെ മണമുണ്ടോ
എന്ന് ചോർന്നു പോകുന്ന രാത്രികളെ
എന്ന് ചോർന്നു പോകുന്ന രാത്രികളെ
ഇടയ്ക്കിടെ പൊക്കി നോക്കുന്ന ഒരുത്തി -
തിങ്കളാഴ്ചയും മഞ്ഞുവീഴുമെന്ന്
പറഞ്ഞുകേട്ടതു മുതലതാ, വീണ്ടും.
No comments:
Post a Comment