Thursday, November 14, 2013

സുബൈദ

ഏതു പാട്ടിന്റെ കൂര്‍ത്തുനനുത്ത അറ്റത്തു നിന്നാണ് അയാളുടെ സുബൈദ ഒരു തുള്ളിയായ് വീണു തെറിച്ചു പോയത്? മരണത്തിന്റെ സെന്റു മണം അയാള്‍ക്കുണ്ടായിരുന്നെന്നാണ് ലൈജു പറയുന്നത്. ലക്ഷദ്വീപില്‍നിന്നു വന്ന ആദം മുഹമ്മദ്. പേര് കേട്ടപ്പഴേ അബു പറഞ്ഞു, ഇയാളൊരുടായിപ്പാ. ആദമെന്നും മുഹമ്മദന്നും, അതെങ്ങനെ ശരിയാവും. അപ്പോള്‍ ഖാലിദ്ക്കാ പറഞ്ഞത്, ഈ ലക്ഷദ്വീപുകാരല്ലെ, ഓര്‍ക്കങ്ങനൊന്നുല്ല.

വൈകീട്ട് ഒരഞ്ചു മണിക്കാ‍ണ് അയാള്‍ ആദ്യം ഈ  ബസാര്‍ റോഡില്‍ കാണപ്പെട്ടത്. അയാള്‍ പല കെട്ടിടങ്ങളിലേക്ക്, ഇവിടെക്കയറി വന്ന അതേ ആത്മവിശ്വാസത്തില്‍ കയറിപ്പോകുന്നത് കണ്ടവരുണ്ട്. അതു കണ്ട് ആര്‍ക്കും ഒന്നും മനസ്സിലായതല്ല.

വാതില്‍ക്കല്‍ വെയില്‍താ‍ണു പോകുന്ന സമയം കരഞ്ഞുതീര്‍ക്കുന്ന കാക്കക്കൂട്ടങ്ങളെ അവയിരുന്നും പറന്നും നിറഞ്ഞ പഴകിയ ഓടുമച്ചുകള്‍ നോക്കിക്കൊണ്ട് ലൈജു ആ ഭാഗത്തു തന്നെ ഉണ്ടാ‍യിരുന്നതിനാല്‍ അയാള്‍ക്ക് ആദ്യം കയറി വരേണ്ടി വന്നില്ല.

അപ്പുറത്തെ പണിതീരാത്ത വീടിനെ നോക്കി ആരോ സുബൈദാ എന്നു വിളിക്കുന്നത് കേട്ടാണ് ലൈജു മുകളില്‍ നിന്ന് എത്തിനോക്കിയത്.  ചാര്‍ലീ ചാപ്ലിന്റെ പടത്തിലെ അതേ ആള്‍ എന്നാണ് ലൈജു അയാളെ വിശേഷിപ്പിച്ചത്. കുറുതായി, ട്രിം ചെയ്ത മീശയും കട്ടിക്കണ്ണടയും വച്ച് സര്‍ക്കാരുദ്യൊഗസ്ഥരുടേതു പോലെ ഇസ്തിരിയിട്ട, വെളുത്ത ഷര്‍ട്ടുമിട്ട്. മഞ്ഞച്ച കണ്ണുകള്‍. ആരായാലും നില അടിയില്‍നിന്ന് ആണ്ടു പോയത് അയാളുടെ മുഖത്തുണ്ടായിരുന്നു. ലൈജു അയാളുടെ അടുത്തു ചെന്നു ‘അവിടാരും താമസമില്ല ചേട്ടാ’ എന്ന് പറഞ്ഞു. ‘ഒന്നു വന്നു ഈ ജന്നലിലൂടെ നോക്കൂ’ എന്നു പോലും.

പല സ്വരങ്ങളില്‍ മട്ടില്‍ വിളിച്ചു  മടുത്തപ്പൊഴെപ്പോഴോ  അയാള്‍ ലൈജുവിനെ കണ്ടു. ചിലപ്പോള്‍  സുബൈദ അവിടെയില്ലായിരിക്കണം എന്നു ബോധ്യം വരാന്‍ പിന്നെയും മലയാളവും തമിഴും മറ്റു രുചികളും ചേര്‍ന്ന ഭാഷയില്‍ ലൈജു സംസാരിച്ചു. അയാള്‍ അവിടെ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ അതിലെന്തോ പ്രശ്നമുള്ളതുപോലെ ലൈജുവിനു തോന്നി.

അയാള്‍ക്കെല്ലാം മനസ്സിലായിക്കാണണം എന്നു സമാധാനിച്ച് ലൈജു തന്റെ പതിവു നോട്ടങ്ങളിലേക്ക് പിന്മാറി. പക്ഷേ ബസാര്‍ റോഡിന്റെ അങ്ങേ അറ്റത്ത് മറഞ്ഞുവെന്ന് തോന്നിച്ച ആള്‍ മണിക്കൂറുകള്‍ക്കു ശേഷം ആരും വാതില്‍ക്കലിക്കാത്ത സമയത്ത് ഒരു കൂട്ടുകാരന്റെ കൂടെ ഈ കെട്ടിടത്തിന്റെ അകത്തെത്തി. സുപരിചിതനായ ഒരാളെപ്പോലെയാണു അയാള്‍ ഈ അടുക്കള വരെ വന്നത്.

ഇതിന്നിടെ തന്നെ അബു വഴിയില്‍വച്ച്  കണ്ടുനില്‍ക്കെ ചിരപരിചിതമെന്ന മട്ടില്‍ ഒരിടവഴിയിലെ ഇരുട്ടിലേക്ക് കയറിപ്പോയതാണ് അയാള്‍.
---

എന്തു ചെയ്തു പോകും എന്നു തോന്നിയപ്പോഴാണ് ചോരയൂര്‍ന്ന് ഉറഞ്ഞിരുന്ന ഉമ്മച്ചിയെ തറയിലേക്ക് വച്ചത്. ഇറങ്ങി നടന്നപ്പോള്‍ ഇവിടെയും വഴിയരികില്‍ അതേ കടല്‍. ദ്വീപില്‍ നിന്ന് ദ്വീപിലേക്ക് കൊട്ടകള്‍ ചുമന്ന് മത്സരിച്ചു നീന്തുന്നതിന്നിടയ്ക്ക് എന്തിനാണ് കിതച്ചുപോയത് എന്ന ചോദ്യത്തിന്റെ അറ്റത്ത് ഒരിരയെ കോര്‍ക്കാനില്ലാതെ.

മഞ്ഞ നിറത്തിലെ വെള്ളത്തിനാണു ദാഹിച്ചത്. ഏതു കടലിന്റെ അറ്റമാണത്? അലഞ്ഞലഞ്ഞ് അവിടെയെത്തി മലര്‍ത്തിയ കൈപ്പത്തിയിലെന്ന പോലെ വാങ്ങി കുടുക്കുന്നുണ്ടായിരുന്നു. കൊതി തീര്‍ന്നതല്ല, ഉമ്മച്ചി തറയില്‍നിന്നെടുത്ത് എന്നെ മടിയിലേക്ക് വച്ചില്ല. ദൂരെക്കാണാം കര വിട്ടു പോകുന്ന കപ്പലുകള്‍.

ഇനിയീ കടലിന്റെ അടിയില്‍ വറ്റിയാല്‍ വാടാതെ നീയാണു സുബൈദാ. തിരിച്ച് നടക്കുന്ന വഴിയില്‍ ഒന്നും കാണുന്നില്ല. ചിലപ്പോള്‍ വഴികള്‍ ഇതേ വഴികള്‍ കടലിന്നപ്പുറത്തെ തുരുത്തില്‍, ഇവിടെയോ അവിടെയോ. നീളത്തില്‍ വളഞ്ഞു കിടക്കുന്ന വഴികള്‍ കായലിന്നിപ്പുറത്തു വച്ച് തീരുന്നു.
---

ഇത്തവണ അയാളെക്കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ലൈജുവും അബുവും ഖാലിദ്ക്കയും ഒരുമിച്ച് ശ്രമിച്ചു. മട്ടാഞ്ചേരിയിലെ പാട്ടുകാരും കേള്‍വിക്കാരുമായി ഒരുപാടു പേര്‍ സന്ധ്യാകാലങ്ങളില്‍  എത്തിച്ചേര്‍ന്നിരുന്ന കാലമാണ്. പലരും ശ്രമിച്ചു. എല്ലാം മനസ്സിലായെന്ന മട്ടില്‍ ഓരോരുത്തരോടും പല ഭാഷകളില്‍ അയാള്‍ മറുപടി പറഞ്ഞു. പോലീസുകാരോട് സംസാരിക്കണം എന്നാണ് ലൈജു പറഞ്ഞത്. അതുവേണ്ട എന്നാണ് അയാളുടെ ആട്ടവും മറ്റും കണ്ട ഖാലിദ്ക്ക പറഞ്ഞത്. ഇനിയിപ്പോ എന്തു ചെയ്യുമെന്ന് അബു.

അയാളുടെ ഷര്‍ട്ട് അല്‍പ്പം മുന്‍പു കണ്ടതിനേക്കാള്‍ മുഷിഞ്ഞിരുന്നു. മുഖത്ത് കിതപ്പിന്റെ എണ്ണ പറ്റിയിരുന്നു. കണ്ണുകള്‍ക്ക് സന്ധ്യകളുടെ മഞ്ഞ.
---

നീ ഉറങ്ങാന്‍ പോയ നേരത്ത് ഞാന്‍ ഇറങ്ങി വന്നത് ഒട്ടും ശരിയായില്ല. നിന്നോടു പറയാതെ. ഇനിയെങ്ങാനും ഞാന്‍ ഈ കറങ്ങി നടക്കുന്നത് നിന്റെ സ്വപ്നത്തിലെ കടല്‍ത്തീരത്താണോ, നീയാണെ ഈ മരങ്ങള്‍ ഞാന്‍ മുന്‍പു കണ്ടതല്ല.

ഈ ഇടവഴിയുടെ ഇരുട്ടിന്റെ അറ്റം പോലെ, ഇതേ പൊലെത്തന്നെയുള്ള ഒരറ്റത്തല്ലെ ഞാന്‍ ഒരു മുറിയില്‍ നിന്നെ ഉറങ്ങാന്‍ വിട്ടത്! വൈകിയാല്‍ നീയെന്നെ ശപിക്കരുത് സുബൈദാ. പിണങ്ങുകയുമരുത്.

നിന്റെ നിറങ്ങള്‍  എന്റെ കണ്ണില്‍ കിടന്ന് തിളക്കുന്നുണ്ട്. നിന്റെ മുല്ല മണം കിഴക്കുനിന്ന് കാറ്റു കൊണ്ടുവരുന്നുണ്ട്. ഈ വീട്, ഇതേ വീട്ടില്‍ത്തന്നെയാവും.
--

മഴപെയ്തു തോര്‍ന്നെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ നില ആണ്ടുപോയവരുടെ കഥ അതല്ല. ആരെയും നോവിക്കാതെ പെയ്തൊഴിഞ്ഞു പോയ മഴപോലും അവരെ വെറുതേ വിടില്ല.

രാത്രി കനത്ത് നിശ്ശബ്ദമായി. ആളൊഴിഞ്ഞു, വിളക്കണച്ചു,  എല്ലാവരും ഉറങ്ങാന്‍ കിടന്നു. ഉറക്കെ വാതിലില്‍ മുട്ടുന്നുണ്ടാരോ . വാതില്‍പ്പൊളി തുറന്നപ്പോള്‍ ലൈജു ആദ്യം കണ്ടത് വെള്ളയായിരുന്ന ഷര്‍ട്ടിലെ നിറഞ്ഞുവിരിഞ്ഞു നിന്ന ചളിപ്പാടുകള്‍. കണ്ണുകള്‍ അടഞ്ഞു പോയിട്ടില്ലെന്നേയുള്ളൂ, വീങ്ങി വീര്‍ത്തിട്ടുണ്ട്. നിന്നനില്‍പ്പില്‍ അയാള്‍ ആടിയത് ഏതോ പരിചിതമല്ലാത്ത കഥ.

‘നിങ്ങളാണ് എന്റെ സുബൈദയ്ക്ക് മുറികൊടുത്തത്..’ അയാള്‍ ലൈജുവിനെ ചൂണ്ടി പറഞ്ഞു. മുഖത്തൊരെണ്ണം എന്നു പോയ ലൈജു ആ വിങ്ങിയ മുഖത്തോട് സാരമില്ല ചേട്ടാ, നോക്കാം എന്നു തന്നെ വീണ്ടും പറഞ്ഞു, പലരും പലതും പറഞ്ഞ് അയാളെ പടിയിറക്കി.

പിന്നെ കുറേ നേരം താഴെ ആ തെങ്ങിന്റെ ചോട്ടില്‍ മലര്‍ന്ന്. പിന്നെ ആ പണിതീരാത്ത വീട്ടിനു മുറ്റത്തു വീണ്ടും. പിന്നെയും ഈ വാതില്‍ക്കല്‍. പിന്നെയെപ്പോഴോ...
---

എന്റെ ഒരേ ഒരു സുബൈദ ഈ കാട്ടില്‍ കളഞ്ഞു പോയിരിക്കുന്നു. നിറയേ ഭ്രാന്തന്മാര്‍, ആര്‍ക്കും നിന്നെ അറിയില്ല. ഞാന്‍ പലവട്ടം ചോദിച്ചു, എന്റെ സുബൈദ, എന്റെ മാത്രം?

 രാത്രി ഇതാ തീര്‍ന്നു പോയിരിക്കുന്നു. നീ നിന്നു നീ പോയ വഴി എനിക്കിപ്പോള്‍ തെളിഞ്ഞു കാണാം. ഞാനതിന്റെ അറ്റം പിടിച്ച് ഇപ്പോഴവിടെയെത്താം. പറഞ്ഞാല്‍ വിശ്വസിക്കില്ല, ഈ ദ്വീപ് നിന്റെ സ്വപ്നത്തിലേതു തന്നെ. 

1 comment:

Mahi said...

ഗാർഗി ഒരു പാടിഷ്ടമായി