Thursday, July 16, 2009

നിന്നെക്കുറിച്ച്.

പുറത്തുപെയ്യുന്ന മഴയില്‍
ഒരാള്‍
ഒറ്റയ്ക്കു നടന്നു പോകുന്നു.
വിറയ്ക്കുന്നു, നടക്കുന്നു,
വിറയ്ക്കുമ്പോള്‍ നടക്കുന്നു.

എന്തോ തിടുക്കമുണ്ട്,
എന്തോ തിരയുന്നുണ്ട്.
എങ്ങോ നോക്കുന്നു,
എന്തോ കാണുന്നു,
എങ്ങും നോക്കുന്നു,
ഒന്നും കാണുന്നില്ല.

ഒരുപാടായി ഒറ്റയ്ക്കു നടന്ന
ഓരോ വഴികളില്‍ നിന്നും
ഉമ്മകള്‍,
പാട്ടുകള്‍,
നിറങ്ങള്‍ തുന്നിയ
ഒരു തൂവാല-
കാല്‍ വിരലുകള്‍ക്കിടയിലെ
കുഞ്ഞു വിടവിലൂടെ
ഓരോന്നായ് ഒളിഞ്ഞുനോക്കുന്നു.

എനിക്കും കേള്‍ക്കണമെന്നുണ്ട്
കെട്ടിപ്പിടിക്കണമെന്നുണ്ട്
ഞാനും വരാം
എന്നു പറയണമെന്നുണ്ട്.

പണ്ടെങ്ങോ കളഞ്ഞുപോയ
എന്റെ കുട
ഇപ്പോള്‍ തിരഞ്ഞാല്‍
കിട്ടുമായിരിക്കും.

6 comments:

Inji Pennu said...

എന്തൊരു മഴയാ ദൈവേ ഇവിടെയൊക്കെ!

lost rain said...

ഒരു പക്ഷേ കുട കിട്ടും അപ്പോള്‍ മഴയുണ്ടാവില്ല :)

Latheesh Mohan said...

കിട്ടുമായിരിക്കും :)

Anonymous said...

poem?

വെള്ളെഴുത്ത് said...

അധികം ആരും ശ്രദ്ധിച്ചിട്ടില്ലെങ്കിലും ഒരു കുട കളഞ്ഞുപോയ കാര്യം മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. ചോദിക്കുന്നതെന്തും എടുത്തു കൊടുത്ത് ശീലിച്ചു പോയ മനസ്സിനാണ് ഒരു കുട...
അപ്പോള്‍ പണ്ടെങ്ങോ കളഞ്ഞു പോയ ആ കുട.. കിട്ടുമായിരിക്കും.. അതേ രൂപത്തില്‍ തന്നെ !

Mahi said...

എനിക്കും കേള്‍ക്കണമെന്നുണ്ട്കെട്ടിപ്പിടിക്കണമെന്നുണ്ട്ഞാനും വരാം എന്നു പറയണമെന്നുണ്ട്