Thursday, July 16, 2009

നിന്നെക്കുറിച്ച്.

പുറത്തുപെയ്യുന്ന മഴയില്‍
ഒരാള്‍
ഒറ്റയ്ക്കു നടന്നു പോകുന്നു.
വിറയ്ക്കുന്നു, നടക്കുന്നു,
വിറയ്ക്കുമ്പോള്‍ നടക്കുന്നു.

എന്തോ തിടുക്കമുണ്ട്,
എന്തോ തിരയുന്നുണ്ട്.
എങ്ങോ നോക്കുന്നു,
എന്തോ കാണുന്നു,
എങ്ങും നോക്കുന്നു,
ഒന്നും കാണുന്നില്ല.

ഒരുപാടായി ഒറ്റയ്ക്കു നടന്ന
ഓരോ വഴികളില്‍ നിന്നും
ഉമ്മകള്‍,
പാട്ടുകള്‍,
നിറങ്ങള്‍ തുന്നിയ
ഒരു തൂവാല-
കാല്‍ വിരലുകള്‍ക്കിടയിലെ
കുഞ്ഞു വിടവിലൂടെ
ഓരോന്നായ് ഒളിഞ്ഞുനോക്കുന്നു.

എനിക്കും കേള്‍ക്കണമെന്നുണ്ട്
കെട്ടിപ്പിടിക്കണമെന്നുണ്ട്
ഞാനും വരാം
എന്നു പറയണമെന്നുണ്ട്.

പണ്ടെങ്ങോ കളഞ്ഞുപോയ
എന്റെ കുട
ഇപ്പോള്‍ തിരഞ്ഞാല്‍
കിട്ടുമായിരിക്കും.